2015, ജൂലൈ 3, വെള്ളിയാഴ്‌ച

മരണമേ നീയെന്നെ പുണരാനടുക്കവേ
അറിയാതെ നിറയുന്നു മിഴിക്കോണു രണ്ടും .
വികാരവിചാരങ്ങള്‍ മാറാപ്പിലാക്കി ,
വിധിതീര്‍ത്ത കോലമായ് നിന്നരികില്‍ നില്‍പ്പുഞാന്‍ .
കവര്‍ന്നെടുത്തെന്റെ സ്വപ്നവും ചിറകും
മറുമൊഴിയെത്താത്ത വീഥിയില്‍ തള്ളവേ .
ആഴിയിലെറിഞ്ഞ മരപ്പാവപോലെന്മനം
ചാഞ്ചാട്ടമാടി താഴെപ്പതിച്ചുപോയ്.
വിറയാര്‍ന്ന കൈകള്‍ പരതിയതൊക്കെ
വൈകൃതഭാവങ്ങള്‍ പകര്‍ത്തിയ ശില്‍പ്പവും
അടര്‍ത്തിയെടുത്ത ഹൃദയത്തിന്‍ ഭിത്തിയില്‍
ഒളിച്ചുവെച്ചൊരു മോഹനചിത്രവും .
അടച്ചുവെച്ചയെന്‍ സ്വപ്നത്തിന്‍ ചെപ്പിലെ
അലയടങ്ങാത്ത തേങ്ങലിന്‍ ഗീതവും.
ആകെപടര്‍ന്നെന്റെ സിരകളിലെപ്പോഴും
അരുതെയെന്നൊരുവിളി ധ്വനികളായ് തീരുന്നു .
==================മുരളിഅമ്മൂമ്മക്കാവ്====
-----സ്വപ്നം----
വളരെ നാളായി
ഇന്നലെ നീയെന്റെ
സ്വപ്നത്തിലുടനീളം 
ഉണ്ടായിരുന്നു.
ഒരുവാക്കു പോലും
പരിഭവം പറഞ്ഞില്ല,
ഏന്നിട്ടും !
മിണ്ടാതെയെന്തെ നീ
പോയ്‌ മറഞ്ഞു.
പിരിയില്ലോരിക്കലും
ജീവിതാന്ത്യം വരെയെന്ന്‍
ഏത്രയോ ചൊല്ലി
നിറച്ചിരുന്നു.
വിധിയെ പഴിച്ചു
മിഴിനീരു
പൊഴിയ്കാത്
നിദ്രയെന്നടുത്ത് ,
ഏത്താറേയില്ലിപ്പോള്‍.
======മുരളിഅമ്മുമ്മകാവ്===

----------കനല്‍ചിന്ത്---------

ഉരുകിതീരുകയാണിന്നെന്റെ ജന്മവും
അതിരുകള്‍തീര്‍ത്തു നീയകലെയായ് മറയവേ .
വിടപറയുകയില്ല നീ യെങ്കിലും.
വിഫലമായയെൻ കനവുകള്‍ തേങ്ങുന്നു .
എത്ര! കനക വസന്തങ്ങള്‍ തീര്‍ത്തനിന്‍
കാവ്യമോഹന പ്രേമസങ്കല്‍പ്പവും .
നിറനിലാവിന്റെ പകുതിയില്‍ തീര്‍ത്തൊരാ...
രാസകേളീ സുന്ദരഹര്‍മ്മ്യവും .
പീലിവീശിയ മയിലുപോലെപ്പോഴും
നീ.ചുംമ്പിച്ചുണര്‍ത്തിയ മനസ്സിലെ മുകുളവും .
അതിരുവിട്ടനിന്‍!! കനവിന്‍റെയിക്കരെ
വാടികൊഴിയുന്നത് നീയറിയുന്നുവോ...??
പ്രിയതരമോരോ വാക്കുകള്‍ കേള്‍ക്കാനായ്
പ്രിയേ..നിന്‍പ്രാര്‍ത്ഥനചൊല്ലി ഞാന്‍ കേഴവേ .
പ്രാണന്‍വെടിയുന്ന നിലവിളിയൊച്ചകള്‍
അകലെയല്ലാതെയശിരീരിയെപ്പോഴും .
ഓര്‍മ്മകളഗ്നിയായ് തീരുന്ന ചിതയെന്റെ
ദേഹത്തെദേഹിയായ് തീര്‍ക്കുന്ന നാള്‍വരെ .
കാരിരുമ്പിന്റെ കാഠിന്യമേറുവാന്‍
കണ്ണീരുകോരി... കനല്‍ചിന്തുമൂളും ഞാന്‍..

===============മുരളിഅമ്മൂമ്മക്കാവ്=====

2015, മേയ് 29, വെള്ളിയാഴ്‌ച

----------------വിരഹം----------------


കാലത്തിനു മായ്ക്കാൻ കഴിയാത്തതായി
ഒന്നുമില്ലന്നു നീപറഞ്ഞിരിന്നു.
ഓര്‍മ്മയുടെ കനൽചില്ലയിൽ കൂടുവച്ച

കിളികള്‍ക്ക് ഏവിടെ ശാന്തിതീരം.

കാലം കന്മദത്തെ തേടിയലയുമ്പോൾ
വിരഹം എന്തിനെ തേടും.
തേടിയലയുവാൻ പോലും ഒന്നുമില്ലാതെ-
മൃതപ്രായനായ വിരഹം,
പ്രണയത്തിന്റെ തമോഗർത്തങ്ങളിൽ പോലും
ഒരിറ്റു ദാഹനീരില്ലാതെ മരിക്കട്ടെ.

ഗ്രീഷ്മത്തിന്റെ കുളിരിൽ, തട്ടമിട്ടുവന്ന
പൂന്തിങ്കൾ കാണാതെ നിഴലിനോടു കിന്നാരം-
പറഞ്ഞുവന്ന നീ-
തിരികെപോയപ്പോൾ സ്നേഹമോടെ
അണിയിച്ചതല്ലേ ഈവിരഹം.

ആദ്യമൊക്കെ ഒരലങ്കരമായി
കൊണ്ടു നടന്നിരുന്നു ഞാൻ..
ഇന്നീ മൃതപ്രായനെ ഓര്‍മ്മയുടെ 
കനൽചില്ലയിലെ കൂട്ടിലുപേഷിച്ചു.

എന്തിനെന്നൊ ..?
അവിടെക്കിടന്നു നീറിനീറിതീരുവാൻ.

=============മുരളിഅമ്മൂമ്മകാവ്========

2015, ജനുവരി 16, വെള്ളിയാഴ്‌ച

-----------മൃത്യുചിത്രം--------------
നിനയ്ക്കാതെ വാത്സല്യം വീണ്ടും ഉരുളയായ് നീട്ടവേ
ഇറങ്ങാത്ത ചോറില്‍ അമ്മതന്‍ കണ്ണീരുപ്പും.
ഏന്തെന്നു ചോദിയ്ക്കാന്‍ കഴിയാതെ അവനന്നു 
വിമ്മിഷ്ട്ടമോടെയാ ഉരുളയും വിഴുങ്ങി.
നാട്ടാര് ചൊല്ലുന്ന ശാപവാക്കിന്‍ വ്യഥ
ഇത്രമേലാഴത്തില്‍ മുറിവായി തീര്ക്കവെ-
അന്നത്തെ അത്താഴത്തിലിളിക്കിയ പാഷാണം 
സ്വാദോടെ ഊട്ടിച്ചു മകനേയും;അമ്മയും.
വാത്സല്യമായ് നല്കിയ പലഹാരങ്ങള്‍, 
കൊതിമൂത്ത് അവകാശമോടെ ഏടുക്കവേ-
മോഷ്ട്ടിച്ചു ഭക്ഷണമെന്നു കൂകിവിളിച്ചവര്‍ 
ഭ്രാന്തനെന്നാ വിളിപ്പേരും നല്കി.
ചുറ്റിതിരിയുവാന്‍ ഇറങ്ങവേ അയലത്തെ ഉമ്മറതിണ്ണയില്‍ 
ഉണ്ണീടെകരച്ചിലു കേട്ടോടിയെടുത്തുമ്മവെച്ചു .
കരച്ചിലു നിര്ത്തി ഉണ്ണിചിരിയ്ക്കവേ 
അമ്മതന്‍ ശാസനം ഭ്രാന്തന്‍റെകൈയ്യിലെന്‍കുഞ്ഞു ദൈവമേ.
നാട്ടാരുകൂടിയന്നാവോളം തല്ലി 
നിലവിളിച്ചെത്തിയ അമ്മതന്‍ മുന്നിലും.
അതിനിടയിലാരോ അന്ത്യശാസനം നല്കി
ചങ്ങലയ്കിട്ട് ഇരുളിലടയ്ക്കണം.
അവനിഷ്ട്ടമാവുന്നതൊക്കെ മോഹിച്ചു നില്ക്കയും 
കിട്ടുന്നതൊക്കെ ഏടുത്തുകൊണ്ടോട്കയും 
മുറ്റത്തു നിന്നൊരു റോസാ പുഷ്പ്പം 
വീട്ടാരു കാണാതെ പൊട്ടിച്ചെടുത്തതും
സ്വിരമായി കാണുന്ന സുന്ദരിപെണ്ണിനെ 
കണ്ണില്‍ നിറയ്ക്കുവാന്‍ പുറകെനടന്നതും
ഭ്രാന്തനെ തല്ലുവാന്‍ കൈപോക്കുന്നവര്‍ക്കൊക്കെ
ഇതുതന്നെ ധാരാളം ഏന്നോര്‍ത്തില്ല പെറ്റമ്മ.
ദിനംതോറും കിട്ടുന്ന അടിയേറ്റവന്‍ തളരവെ 
അവന്റമ്മതന്‍ ഹൃദയം മുറിവേറ്റു പിടയുന്നു. 
നീറിയെരിയുന്ന നേരിപ്പോടുപോലുള്ളിലായ് 
കത്തിയമരുന്നു രണ്ടാത്മാക്കളാവീട്ടില്‍.
ഏന്മകനെനിന്നെഞ്ഞാന്‍ പൂട്ടിയിടുകില്ല 
മാലോകര്‍ക്കായിനാം ഒരുകാര്യം ചെയ്തിടാം 
അമ്മതന്‍ കണ്ണീരിറ്റഉരുളകള്‍ മാറിമാറി 
അവസാന അത്താഴമായ് ഉതിരുന്നു കണ്ണീര്‍ധാര.
മകനെചേര്‍ത്തിരുത്തി അവസാനചുംമ്പനം നല്കേ 
ഇറുകിപിടിച്ചാകൈകള്‍ അവന്‍ മാറോടുചെര്‍ത്തുിവെച്ചു. 
വീണുപോയാ മാത്രുദേഹം വിസ്മൃതിയിലാഴ്ന്നിടവേ
സ്വസ്തി ചൊല്ലികൂടിയോരെല്ലാം സ്വസ്തരല്ലെന്നോതിടട്ടെ..
============================മുരളീഅമ്മൂമ്മക്കാവ്=====
ഒടുവിലാ വഴിയിലെ വിടവാങ്ങും വേളയില്‍
ഞാന്‍ ജീവച്ഛവമായിതീര്‍ന്നിരിയ്ക്കാം.
ഈജന്മ്ം നിനക്കായ്‌ കരുതിയതൊക്കെയും
ഒന്നും വിടാതെ പകര്‍ന്നു നല്കാം.
സഫലമീജന്മമന്നെങ്കിലും.. പ്രിയസഖീ 
വിടവാങ്ങും വേളയെന്‍ മരണമത്രേ.
പ്രണയമുരുക്കിയ കാലാന്തരസ്മൃതിയഗ്നി-
യായയെന്നില്‍ പടര്‍ന്നു കയറവേ; 
യിരുളിന്റെ താഴ്വാരകോണിലായ് 
സാന്ത്വനം തേടിയെന്‍ നീറുന്നഹൃദയവും.
നിന്നോര്‍മ്മ ഭ്രാന്തമാം ലഹരിയാല്‍
ഉന്മാദം പൂണ്ടെന്റെസിരകളില്‍ പടരവേ.
ഒരുപുഞ്ചിരി"നീ" കടമായിനല്‍കുമോ-എന്റെ- 
വസന്തത്തില്‍ നിറമുള്ള പൂക്കള്‍ വിരിയിയ്ക്കാന്‍.
നനയുന്നമിഴിയിലെ അശ്രുവാണെന്നും നീ.
പ്രാണനില്‍ പിടയുന്ന താരാട്ടും നീതന്നെ.
സ്മൃതിചേര്‍ത്തു പട്ടടയിലെരിയുന്ന മൌനമേ 
ഇന്നിനീ കിനാവിന്റെ ചിലംമ്പൊലിയാകില്ലേ...???
=====================മുരളിഅമ്മൂമ്മക്കാവ്=====
നിന്‍ നിറുകയില്‍ ചൂടിയ മയില്‍‌പീലി പോലെയെന്‍ 
കണ്ണുകള്‍ വിടര്‍ത്തിഞാനെത്ര നോക്കി.
അറിയാതെ പോകുന്നതെന്തേയെന്‍ - കണ്ണാനീ 
മറ്റൊരു രാധയായ് തീര്‍ന്നു പോയ്ഞാന്‍
  
---------വേഴാമ്പല്‍--------

പ്രിയസഖീ ഞാനൊരു വേഴാമ്പലായെന്നും
നിന്റെ വരവിനായ് കാത്തു വലഞ്ഞിടുമ്പോള്‍
കളകളം പാടുന്ന കിളിമോഴിചോല്ലി
അരികില്‍ നീയണയുവാന്‍ ഞാനെന്തു വേണം.

തൊടികളില്‍ പണ്ടുനീ പാറിപറന്നതിന്‍
കഥകള്‍ നീ മിഴിവോടെ ചൊല്ലിടുമ്പോള്‍
കദനത്തിന്‍ കഥയൊക്കെ മറന്നു ഞാനരികിലായ്
മിഴിപൂട്ടി നിന്നത് മറന്നു പോയോ....

താലമെടുത്ത വസന്തത്തിന്‍ പരിമളം
വാരിവിതറി നീ പീലിവിടര്‍ത്തിടുമ്പോള്‍
നിന്‍കണ്ണില്‍ വിരിയുന്ന ഭാവത്തിന്‍ മലരുകള്‍
കണ്ടെന്നില്‍ പ്രണയം തളിര്‍ക്കുകയായിരുന്നു.

കഴിഞ്ഞകാലത്തിന്റെ തെയ്യവും കോലവും
ചിലമ്പുമായ് വായ്ത്താരി മുഴക്കിയപ്പോള്‍
ചിലങ്കയണിഞ്ഞ നിന്‍ പാദത്തിന്‍ മണിയൊച്ച-
ഹൃദയത്തിലെവിടെയോ അലിയുന്നുണ്ടെപ്പോഴും.

കാമനകളോരോന്നായ് ചൊല്ലുവാനായെന്നും
കാമിനീ നിന്നരികില്‍ ഞാനെത്തിടുമ്പോള്‍
കാലം കൊഴിച്ചനിന്‍ കനവിന്റെ ഇതളുകള്‍
നെടുവീര്‍പ്പുമായി നീ നിരത്തിവെച്ചു.

ഒരുനൂറുചുംമ്പനം സാന്ത്വനമായിഞാന്‍
കൊതിയോടെ നിന്‍കാതില്‍ ചൊല്ലിടുമ്പോള്‍
ഏന്‍കണ്ണിലുതിരുന്ന വിരഹത്തിന്‍ മുത്തുനീ-
യറിയാതിരിയ്ക്കുവാന്‍ ഞാനെന്തുവേണം.

ഒരുനാളില്‍ കാണുംനാം അതുപുനര്‍ജ്ന്മമായിടാം
ഏങ്കിലും പ്രിയസഖീ കാത്തിടുന്നു
കല്പാന്തകാലത്തെ കന്മദത്തിന്‍ഗന്ധം
ഇപ്പോഴെയെന്നില്‍ നിറഞ്ഞിടുന്നു.

==================മുരളീഅമ്മൂമ്മക്കാവ്===